പീഡനത്തിനിരയായി 14-കാരിയുടെ ഗർഭഛിദ്രം നടത്താൻ അനുമതി നൽകിയ മുൻ ഉത്തരവ് പിൻവലിച്ച് സുപ്രീം കോടതി. അതിജീവിതയുടെ ആരോഗ്യത്തിൽ ആശങ്കയുണ്ടെന്നും കുട്ടിയെ വളർത്താൻ തയാറാണെന്നും രക്ഷിതാക്കൾ വ്യക്തമാക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതി മുൻ ഉത്തരവ് പിൻവലിച്ചത്.
രക്ഷിതാക്കളുമായി വീഡിയോ കോൺഫറസിംഗിൽ സംസാരിച്ച ശേഷം കുട്ടിയുടെ താത്പ്പര്യം പരമ പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഏപ്രിൽ 22നാണ് 14 കാരിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്.
ഗർഭം അലസിപ്പിക്കണമെന്ന പെൺകുട്ടിയുടെ അമ്മയുടെ അപേക്ഷ ഏപ്രിൽ നാലിന് ബൊംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇത് റദ്ദാക്കിയാണ് സുപ്രീം കോടതി നിർണായക വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം സുപ്രീംകോടതി ഉപയോഗിച്ചിരുന്നു.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമം അനുസരിച്ച് സാധാരണ 24 ആഴ്ച വരെ പ്രായമായ ഗർഭമാണ് അലസിപ്പിക്കാനാവുക. സിയോൺ ആശുപത്രിയിലെ മെഡിക്കൽ ബോർഡിന്റെ അഭിപ്രായം തേടിയ ശേഷമാണ് അന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഈ ഘട്ടത്തിൽ ഗർഭഛിദ്രത്തിന് വിധേയമാകുമ്പോൾ ചില അപകടസാദ്ധ്യതകളുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.