ന്യൂഡൽഹി: കൊറോണ മഹാമാരിയെ രാജ്യം കൈകാര്യം ചെയ്തതും ചന്ദ്രയാൻ-3 ദൗത്യവും പ്രവാസികളായ ഇന്ത്യക്കാരിൽ വലിയ സ്വാധിനം ചെലുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആഗോള തലത്തിൽ തന്നെ ഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറി മറിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ കിരോരി മാൽ കോളേജിൽ ഒരു പരിപാടിയിലായിരുന്നു ജയ്ശങ്കറിന്റെ വാക്കുകൾ.
ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തി എന്ന നിലയിലും ഏറ്റവും വലിയ രാജ്യമെന്ന നിലയിലും ഇന്ത്യയുടെ തീരുമാനങ്ങൾ ലോകം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്ന് ജയ്ശങ്കർ പറഞ്ഞു. കൊവിഡിനെ നേരിട്ടതിലും ചന്ദ്രയാൻ 3 ദൗത്യത്തിലും കൈവരിച്ച സാങ്കേതിക മുന്നേറ്റം കഴിഞ്ഞ ഒരു ദശാബ്ദത്തിനുളളിൽ രാജ്യത്തുണ്ടായ ഏറ്റവും വലിയ നേട്ടമാണെന്നും ജയ്ശങ്കർ പറഞ്ഞു.
യുക്രെയ്നിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവന്ന ഓപ്പറേഷൻ ഗംഗയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇന്ത്യൻ പാസ്പോർട്ടിന് ഇന്ന് ലോകരാജ്യങ്ങൾ വലിയ ബഹുമാനം നൽകുന്നുണ്ട്. ആ പാസ്പോർട്ടുമായി പോകുന്ന വ്യക്തിക്ക് പിന്നിൽ ഇവിടുത്തെ സർക്കാർ ഉറച്ചു നിൽക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ജയ്ശങ്കർ പറഞ്ഞു.
ഇന്ത്യയിലെ റേഷൻ കാർഡ് സംവിധാനം, തെരഞ്ഞെടുപ്പ് സംവിധാനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളെല്ലാം വിദേശ രാജ്യങ്ങളെ ആകർഷിച്ചിട്ടുളള വസ്തുതകളാണെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.