കെഎസ്ആർടിസി ബസിനെ തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. അർദ്ധരാത്രി യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആർടിസി ബസിനെ തടഞ്ഞുനിർത്തി നടുറോഡിൽ വാക്കേറ്റമുണ്ടാക്കിയ മേയർ അധികാര ദുർവിനിയോഗം നടത്തിയെന്ന ആക്ഷേപം നടത്തിയെന്ന വിമർശനം ഉയരുന്നതിനിടെയാണ് ഹരീഷ് പേരടി രംഗത്തെത്തിയത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആര്യ രാജേന്ദ്രൻ പറഞ്ഞതൊക്കെ കളവാണെന്ന് തെളിയുകയായിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയത്. ഇത്തരമൊരു സംഭവം നടക്കുമ്പോൾ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് പോയി പരാതി നൽകാതെ കൊടിസുനിയെയും കിർമാണി മനോജിനെയും പോലെ ഗുണ്ടായിസം കാണിച്ചെന്നും ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും ഹരീഷ് പേരടി വിമർശിച്ചു.
ഫെയ്സ്ബൂക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ട ആര്യാ…നിങ്ങൾ ചെറിയ പ്രായത്തിൽ തിരുവനന്തപുരം എന്ന തലസ്ഥാന നഗരിയുടെ മേയറമ്മയായി മാറിയപ്പോൾ ഒരുപാട് സന്തോഷിച്ച ഒരു ജനാധിപത്യ വിശ്വാസിയാണ് ഞാൻ. പക്ഷേ ഇന്നലത്തെ നിങ്ങളുടെ പ്രവൃത്തി അതിന്റെ തലേന്ന് വോട്ട് ചെയ്യാൻ രണ്ട് മണിക്കൂർ വരി നിന്ന എന്നെ വല്ലാതെ തളർത്തി. ഞാനൊക്കെ തമിഴ് സിനിമകളിൽ അവതരിപ്പിക്കുന്ന വില്ലനായ രാഷ്ട്രിയ കഥാപാത്രം സാധാരണക്കാരനായ നായകനെ തടയാൻ നിയമങ്ങളൊന്നും അനുസരിക്കാതെ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ പ്രവൃത്തി പോലെയായി.
ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു. ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി. ഗുണ്ടായിസമായി.
രാഷ്ട്രീയക്കാരുടെ ജീവിതം സംരക്ഷിക്കാൻ എസ്എഫ്ഐയുടെ ആളുണ്ട് എന്ന അമിത വിശ്വാസത്തിൽ നടത്തുന്ന കല്ലേറ് സമരം മാത്രമല്ല, അത് ആരുമില്ലാതെയാവുമ്പോൾ എതിർഭാഗത്ത് നിൽക്കുന്ന ജാവേദക്കർമാരുമായി നടത്തുന്ന രഹസ്യ സംഭാഷണവുമാണ് എന്ന് ഞാൻ പറായാതെ തന്നെ നിങ്ങൾക്ക് അറിയാം .അതുകൊണ്ട് തന്നെ നിങ്ങൾ എപ്പോഴും സുരക്ഷിതാരാണെന്ന് പൂർണ ബോധ്യവും നിങ്ങൾക്കുണ്ട്. പക്ഷേ ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന കെഎസ്ആർടിസിയിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്യൂണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രിയും അല്ലാതെയാവുന്നു. വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു. ഡ്രൈവർ സലാം. തൊഴിൽ സലാം.