നിവിൻ പോളിയെയും ധ്യാൻ ശ്രീനിവാസനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. നാളെയാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ടീസർ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് വന്ന അപ്ഡേഷനുകളെക്കാൾ തികച്ചും വ്യത്യസ്തമാണ് പുറത്തുവന്ന ടീസർ.
തമാശകൾ നിറഞ്ഞ ഗാനങ്ങളും വീഡിയോകളുമാണ് ചിത്രത്തിന്റേതായി മുമ്പ് പുറത്തിറങ്ങിയിരുന്നത്. എന്നാൽ സീരിയസ് സീനുകളും കഥാപാത്രങ്ങളുമാണ് ടീസറിലുള്ളത്. ടീസറിന് മുമ്പ് വന്ന രണ്ട് വീഡിയോ ഗാനങ്ങളും ചെറിയ സമയം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്നതായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തെത്തിയ ടീസർ ചിന്തിപ്പിക്കുകയും പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കുകയും ചെയ്യുന്നു. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രത്തെ കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ഇതൊരു കോമഡി ചിത്രമാണോ, സീരിയസ് ചിത്രമാണോ എന്നതാണ് പ്രേക്ഷകരുടെ ചോദ്യങ്ങൾ.
നിവിൻ -ധ്യാൻ കോംമ്പോ കാണാനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിൽ അനശ്വര രാജനാണ് നായിക. ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അജു വർഗീസ്, മഞ്ജു പിള്ള, സലീം കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വളരെ വ്യത്യസ്തമായ വേഷത്തിലാണ് സിനിമയിൽ നിവിൻ പോളി എത്തുക. ഫാമിലി എന്റർടെയ്‌നറായി എത്തുന്ന ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്.