തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും എതിരെയുള്ള പ്രതിഷേധം കടുക്കുന്നു. കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ ഓവർ ടേക്കിംഗ് നിരോധിത മേഖല എന്നുള്ള ബോർഡ് സ്ഥാപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികൾ ആരംഭിച്ചത്. കെഎസ്ആർടിസി ബസുകളിൽ മേയറുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്ററുകളും പ്രതിഷേധക്കാർ പതിപ്പിച്ചു.
കഴിഞ്ഞ ദിവസം പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിൽ കാർ കുറുകെയിട്ടാണ് മേയറും ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞത്. പിന്നാലെ മേയറും ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായി. ബസ് തടഞ്ഞിട്ടില്ലെന്ന് മേയർ ആര്യ പറയുന്നത് കള്ളമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. പിന്നാലെയാണ് മേയറുടെ ധാർഷ്ട്യത്തിനെതിരെ പ്രതിഷേധം കടുത്തത്.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസമുണ്ടാക്കിയെന്ന ഡ്രൈവർ യദുവിന്റെ പരാതിയിൽ കേസെടുക്കുവാൻ പൊലീസ് തയാറായിരുന്നില്ല. എന്നാൽ സംഭവത്തെക്കുറിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർ ഒന്നടങ്കം ഡ്രൈവറുടെ ഭാഗത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാക്കിയതെന്നാണ് സൂചന. എന്നാൽ മേയറും എംഎൽഎയും പരിധിവിട്ടെന്നും ദൃക്‌സാക്ഷികൾ മൊഴിനൽകിയിട്ടുള്ളതായും സൂചനയുണ്ട്.
മേയർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകാൻ ഒരുങ്ങുകയാണ് യദു. പരാതി സ്വീകരിച്ച് പൊലീസ് നൽകിയ രസീതിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ കേസെടുത്തെന്നാണ് പറയുന്നത്. ഇതിൽ മേയറുടെയോ എംഎൽഎയുടെയോ പേരില്ലെന്നും യദു മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ ഗതാഗതമന്ത്രിക്കും കെഎസ്ആർടിസി സിഎംഡിക്കും പരാതി നൽകുമെന്നും യദു അറിയിച്ചു.