റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറിൽ നടന്ന ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 10 ആയി. നേരത്തെ ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ മൂന്ന് പേരും വനിതകളാണ്. നാരായൺപൂർ, കംകാർ ജില്ലകളുടെ അതിർത്തിയിൽ വനമേഖലയോട് ചേർന്നാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ 15 ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വലിയ മാവോയിസ്റ്റ് വേട്ടയാണിത്. സംസ്ഥാനത്ത് തുടർന്ന് വരുന്ന നക്സൽ-വിരുദ്ധ ഓപ്പറേഷൻ വീണ്ടും വിജയം കണ്ടതായി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ പ്രതികരിച്ചു.
ഡിസ്ട്രിക്ട് റിസർവ് ഗാർഡിന്റെയും സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെയും സംയുക്ത പരിശോധനയുടെ ഭാഗമായാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. പുലർച്ചെ ആറ് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.















