തിരുവനന്തപുരം: മൂന്ന് ക്യാമറകളുള്ള ബസിലെ മെമ്മറി കാർഡ് കാണാതാകില്ലെന്നും അത് പാർട്ടിക്കാരോ മേയറുമായി ബന്ധമുള്ളവരോ മാറ്റിയതാകാമെന്നും ഡ്രൈവർ യദു. ഇതെല്ലാം നേരത്തെ താൻ പ്രതീക്ഷിച്ചതാണ്. തെറ്റ് ചെയ്‌തെന്ന് ബോധമുള്ളവർ മെമ്മറി കാർഡുകൾ ബോധപൂർവ്വം മാറ്റിയതാണെന്നും യദു പ്രതികരിച്ചു. താൻ ബസ് ഓടിച്ചിരുന്ന സമയത്ത് മൂന്ന് ക്യാമറകളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. സ്‌റ്റേഷനിൽ നിന്ന് താൻ ഇറങ്ങിയതിന് ശേഷം ബസിന് അടുത്തേക്ക് ചെന്നപ്പോഴും സിസിടിവി പ്രവർത്തിക്കുന്നുണ്ട്. സംഭവത്തിന് ശേഷം മൂന്ന്- നാല് ദിവസം ബസ് ഡിപ്പോയിൽ ഉണ്ടായിരുന്നു. അന്ന് ബസ് പരിശോധിച്ചിരുന്നെങ്കിൽ മെമ്മറി കാർഡുകൾ ലഭിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവർ യദുവിന്റെ പരാതിയിൽ പരിശോധനയ്‌ക്ക് എത്തിപ്പോഴായിരുന്നു മെമ്മറി കാർഡ് കാണാനില്ലെന്ന കാര്യം പൊലീസ് അറിയിച്ചത്. മെമ്മറി കാർഡ് മാറ്റിയെന്ന സംശയം അന്വേഷിക്കുമെന്നും പൊലീസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കെഎസ്ആർടിസി വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. അധികാര ദുർവിനിയോഗത്തിലൂടെ കേസ് അട്ടിമറിക്കാനാണ് മേയർ ശ്രമിക്കുന്നതെന്ന ആക്ഷേപവും ശക്തമാകുകയാണ്.
കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാൻ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നൽകിയിരുന്നു. തൃശൂരിൽ നിന്ന് ബസ് തിരുവനന്തപുരത്ത് എത്തിയതിന് ശേഷമായിരുന്നു പൊലീസ് പരിശോധന നൽകിയത്. അമിത വേഗത്തിലായിരുന്നോ ബസ് എന്നതും വാഹനങ്ങളെ ഓവർടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിലും സിസിടിവിയിലെ ദൃശ്യങ്ങൾ നിർണായകമാകും. ബസിലെ യാത്രക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.