അബുദാബി: ബാപ്‌സ് മന്ദിരത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രശംസിച്ച് കൽക്കി ഫൗണ്ടേഷന്റെ അദ്ധ്യക്ഷൻ ആചാര്യ പ്രമോദ് കൃഷ്ണം. അബുദാബിയിലെ ബാപ്‌സ് ക്ഷേത്രം ഒരു മനോഹര സൃഷ്ടിയാണെന്നും’അത്ഭുതം’ എന്നല്ലാതെ മറ്റൊരു വാക്ക് ക്ഷേത്രത്തിന് യോജിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അബുദാബി പോലൊരു ഇസ്ലാമിക രാജ്യത്ത് ഹിന്ദു വിശ്വാസികൾക്കായി ക്ഷേത്രം നിർമിക്കാൻ മുൻകയ്യെടുത്ത നൽകിയ പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി പറഞ്ഞു.
”ഞാൻ ഇപ്പോഴുള്ളത് അബുദാബിയിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബാപ്‌സ് ക്ഷേത്രത്തിൽ ദർശനം നടത്താൻ എനിക്ക് സാധിച്ചു. ‘അത്ഭുതം’ എന്നല്ലാതെ മറ്റൊരു വാക്കും ക്ഷേത്രത്തിന് യോചിക്കുന്നില്ല. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മനോഹരമായ ക്ഷേത്രം വിശ്വാസികൾക്കായി പ്രധാനമന്ത്രി നിർമിച്ചു നൽകി. അബുദാബിയിൽ പ്രധാനമന്ത്രിക്കുള്ള സ്ഥാനം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മനസിലാക്കി എടുക്കാൻ എനിക്ക് സാധിച്ചു”.-ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു.
ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കാണ്. നമ്മുടെ രാജ്യത്തെ പല പ്രധാനമന്ത്രിമാർ മാറി മാറി ഭരിച്ചു. ഭരണത്തിൽ അവർക്കൊക്കെ അവരുടേതായ ശൈലിയുണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രി രാജ്യത്തെ നയിച്ചത് പോലെ മറ്റേത് പ്രധാനമന്ത്രിമാർക്കും രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. ഒരു ഇന്ത്യക്കാരനായതിൽ അഭിമാനം തോന്നുന്ന പല നിമിഷങ്ങളും അദ്ദേഹം നമുക്ക് സമ്മാനിച്ചെന്നും പ്രമോദ് കൃഷ്ണം കൂട്ടിച്ചേർത്തു. എതിർ പാർട്ടികൾ അവരുടെ സ്വാർത്ഥലാഭത്തിനായി പ്രധാനമന്ത്രിയെ ആക്ഷേപിക്കുകയാണെന്നും അത്തരം കുപ്രചരണങ്ങളിൽ പ്രധാനമന്ത്രിയെ തളർത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.













