ജക്കാർത്ത : ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപര്‍വ്വതം ചൊവ്വാഴ്‌ച്ച വീണ്ടും പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നിരവധി ആൾക്കാരെ മാറ്റിപ്പാർപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തു. അഗ്നിപർവതത്തിന്റെ ചാരം അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് വരെ പരന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്ത് നിന്നും 12,000 പേരെ ഒഴിപ്പിച്ചു.
സ്ഫോടനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയതിനാൽ ടാഗുലാൻഡാങ് ദ്വീപിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും. ഇതിനായി യുദ്ധക്കപ്പലടക്കമുള്ള സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. അഗ്നിപര്‍വ്വതത്തില്‍ നിന്നും ഉയര്‍ന്ന ചാരം ആകാശം മൂടിയതിനാല്‍ മനാഡോയിലെയും ഗൊറോണ്ടലോയിലേതുമുൾപ്പെടെ ചെറുതും വലുതുമായ ഏഴോളം വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. അതേസമയം സംഭവത്തിൽ ആളപായങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ഇന്തോനേഷ്യയിലെ സജീവമായ 130 അഗ്നിപര്‍വ്വതങ്ങളിലൊന്നാണ് റുവാങ്. പസഫിക് സമുദ്രത്തിലെ “റിംഗ് ഓഫ് ഫയർ” (Ring of Fire) എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിന്നാലും ഭൂമിശാസ്ത്രപരമായ കാരണങ്ങളാലും ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനവും ഭൂകമ്പവും ചുഴലിക്കാറ്റും പതിവാണ്.2018-ൽ ജാവ, സുമാത്ര ദ്വീപുകൾക്കിടയിൽ സ്‌ഥിതിചെയ്യുന്ന അനക് ക്രാക്കറ്റോവ എന്ന അഗ്നിപർവതത്തിന്റെ സ്പോടനത്തെത്തുടർന്നുണ്ടായ സുനാമിയിൽ 400 ഓളം പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.