തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്. ചൂട് വര്‍ദ്ധിച്ചതോടെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഇന്നും നാളെയും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും, തിരുവനന്തപുരം, എറണാകുളം, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരും.
കനത്ത ചൂടിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട ജാഗ്രതാ നിര്‍ദേശവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക, കുടയും പാദരക്ഷയും ഉപയോഗിക്കുക, ധാരാളമായി വെള്ളം കുടിക്കുക, പുറം ജോലികളും കായിക വിനോദങ്ങളിലും ഏര്‍പ്പെടാതിരിക്കുക, നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ, കാപ്പി എന്നിവ ഒഴിവാക്കുക എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.