മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത കേസിലെ പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു. കേസിലെ മുഖ്യ പ്രതികളിലൊരാളായ അനൂജ് തപാൻ (32) ആണ് മരിച്ചത്. ലോക്കപ്പിനോട് ചേർന്നുള്ള ശുചിമുറിയിലാണ് ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. പത്ത് പേരോടൊപ്പമാണ് ഇയാൾ ലോക്കപ്പ് മുറിയിൽ കഴിഞ്ഞിരുന്നത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സൽമാൻ ഖാന്റെ വീടിന് മുന്നിൽ വെടിവയ്‌ക്കുന്നതിന് തോക്ക് കൈമാറിയത് ഇയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിലെ പ്രതിയായ വിക്കി ഗുപ്ത, സാഗർ പാൽ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. ബിഷ്ണോയ് സംഘത്തിലുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിക്ക് നേരിട്ട് പങ്കുണ്ടെന്ന് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് ബിഷ്ണോയിയെയും സഹോദരനെയും കേസിൽ പ്രതി ചേർക്കുകയായിരുന്നു.















