ന്യൂഡൽഹി: അറസ്റ്റ് ചെയ്യപ്പെട്ട രാഷ്‌ട്രീയക്കാരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി. അറസ്റ്റ് ചെയ്യപ്പെട്ട രാഷ്‌ട്രീയക്കാരെ വെർച്വൽ കോൺഫറൻസിങ്ങിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അനുവദിക്കുന്നതിനുള്ള സംവിധാനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ ഹർജിയെ കോടതി അതിസാഹസികമെന്നും നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് വിശേഷിപ്പിച്ചു.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ദാവൂദ് ഇബ്രാഹിം ഒരുപക്ഷെ പാർട്ടി രൂപീകരിച്ച് മത്സരിച്ചേക്കും, കാരണം അയാൾ കുറ്റക്കാരനായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ കസ്റ്റഡിയിലുള്ള ഒരാളെ പ്രചാരണത്തിന് പോകാൻ അനുവദിക്കാനാകില്ല. അങ്ങനെ ആയാൽ എല്ലാ ബലാത്സംഗ കുറ്റവാളികളും കൊലപാതകികളും രാഷ്‌ട്രീയ പാർട്ടികളിലേക്ക് ഒഴുകാൻ തുടങ്ങും.
എന്തിനാണ് കോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നതെന്ന് ചോദിച്ച ബെഞ്ച് നിയമ വിരുദ്ധമായി പ്രവർത്തിക്കാനാണ് നിങ്ങൾ കോടതിയോട് ആവശ്യപ്പെടുന്നതെന്നും ജാമിയ മില്ലിയ ഇസ്ലാമിയയിലെ നിയമ വിദ്യാർത്ഥിയായ അമർജീത് ഗുപ്തയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് പറഞ്ഞു. മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെതിരായ എല്ലാ ക്രിമിനൽ കേസുകളും റദ്ദാക്കി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹർജിയും കോടതി തള്ളി.















