ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നടനും സംവിധായകനുമായി വിനീത് കുമാർ ഒരുക്കിയ ചിത്രമാണ് പവി കെയർടേക്കർ. മികച്ച പ്രതികരണങ്ങൾ നേടിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജനപ്രിയ നായകന്റെ കോമഡി ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. 4.31 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.
മുമ്പ് ദിലീപ് അഭിനയിച്ചുവച്ച ഒരുപിടി നല്ല കഥാപാത്രങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയാണ് പവി കെയർടേക്കറെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സീരിയസ്‍ കഥാപാത്രങ്ങളിൽ നിന്നും ദിലീപ് വീണ്ടും കോമഡി ചിത്രത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. മുഴുനീള കോമഡി എൻർടൈൻമെന്റ് സിനിമയാണ് പവി കെയർടേക്കർ.
ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കുഞ്ഞിക്കൂനലിലും ചക്കരമുത്തിലും പച്ചക്കുതിരയിലുമൊക്കെ വ്യത്യസ്ത വേഷങ്ങളിലെത്തി തകർത്ത് അഭിനയിച്ച ദിലീപിന് കെയർടേക്കറായി എത്തുമ്പോഴും അതേ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്.