നോർത്ത് കരോലിന: മൂന്ന് വയസുള്ള സെയ്‌ലർ ക്ലാസ് തന്റെ കിടപ്പു മുറിയിലെ ‘രാക്ഷസന്മാരെ’ പറ്റി പരാതിപ്പെട്ടപ്പോൾ അതവളുടെ വെറും ഭാവനയായി കരുതി മാതാപിതാക്കൾ തള്ളി കളഞ്ഞു. എന്നാൽ അവരുടെ ആ ചിന്ത മാറാൻ അധിക സമയം വേണ്ടി വന്നില്ല. പെൺകുട്ടിയുടെ മുറിയിൽ നടത്തിയ പരിശോധനയിൽ വീട്ടുകാരെ ഞെട്ടിച്ചുകൊണ്ട് പതിനായിരക്കണക്കിന് തേനീച്ചകളാണ് പുറത്ത് ചാടിയത്.
ഫാം ഹൗസിലെ തന്റെ മുറിയിലെ ചുമരുകൾക്കുള്ളിൽ ‘രാക്ഷസന്മാർ’ ഒളിഞ്ഞിരിപ്പുണ്ടെന്നായിരുന്നു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നത്. എന്നാൽ മാതാപിതാക്കൾ ഇത് കാര്യമായെടുത്തില്ല. അവർ ഒരുമിച്ച് അടുത്തിടെ ഹൊറർ സിനിമകൾ കണ്ടിരുന്നു. ഇതിലെ രാക്ഷസന്മാരാകാം കുഞ്ഞുമനസ്സിൽ കയറികൂടിയതെന്നാണ് മാതാപിതാക്കൾ കരുതിയത്. കുട്ടിയെ സമാധാനപ്പെടുത്താൻ അവർ ഒരു കുപ്പി വെള്ളം നൽകി രാക്ഷസന്മാർക്കെതിരെ പ്രയോഗിക്കാനുള്ള സ്‌പ്രേയാണെന്ന് കുട്ടിയെ വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ഫലിച്ചില്ല. തുടർന്നുള്ള ദിവസങ്ങളിലും കുട്ടി പരാതിയുമായി എത്തി. ഇത്തവണ റൂമിലെ ക്ലോസെറ്റിനുള്ളിൽ എന്തോ ഉണ്ടെന്നായിരുന്നു കുട്ടി പറഞ്ഞത്.
പിന്നീട് പെൺകുട്ടിയുടെ ‘അമ്മ നടത്തിയ പരിശോധനയിൽ വർഷങ്ങളുടെ പഴക്കമുള്ള അവരുടെ വീടിന്റെ മച്ചിൻപുറത്തും ചിമ്മിനിയിലുമായി തേനീച്ചകൾ കൂട്ടം കൂടുന്നത് ശ്രദ്ധയിൽ പെട്ടു. ഇവയുടെ ഒച്ചയാവാം കുട്ടിയെ ഭയപ്പെടുത്തിയതെന്നവർ ഊഹിച്ചു. തേനീച്ച വളർത്തുന്നയാളുടെ സഹായം മാതാപിതാക്കൾ തേടി. തെർമൽ ക്യാമറ ഉപയോഗിച്ച് കുട്ടിയുടെ മുറിയുടെ ചുമരുകൾ പരിശോധിച്ച ഇയാൾ ഞെട്ടി. ഒരു നാണയ വലിപ്പത്തിലുള്ള ദ്വാരം നിർമ്മിച്ച് തേനീച്ചകൾ മുറിയിലെ ഭിത്തിയുടെ ഉൾവശം മുഴുവൻ കൂടാക്കി മാറ്റിയിരുന്നു. ഏകദേശം 8 മാസമെടുത്താണ് ഇത്രയും വലിയൊരു കൂട് തേനീച്ചകൾ നിർമ്മിച്ചിരിക്കുന്നത്. 65,000ത്തോളം തേനീച്ചകളെയും 45 കിലോ ഗ്രാം തേനും ഭിത്തിയിൽ നിന്ന് നീക്കം ചെയ്തു. ഏകദേശം 20,000 ഡോളറിന്റെ നാശനഷ്ടമാണ് വീട്ടിൽ തേനീച്ചകൾ വരുത്തിവച്ചതെന്ന് കുടുംബം പ്രതികരിച്ചു.















