തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്‍റെ മെയ്ദിനാശംസകൾ നേർന്നുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലും പരിഹാസപ്പെരുമഴ. ഒരാളുടെ ജോലികളഞ്ഞിട്ട് എന്ത് സംഘടിക്കാനാണെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. മേയർ ന്യായീകരണ തൊഴിലാളികൾക്കാണ് ആശംസകൾ നേർന്നതെന്നും ചിലർ വിമർശിച്ചു.
‘അഖില ലോക തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന് ആശംസം അറിയിച്ചുകൊണ്ടുള്ള മേയറുടെ പോസ്റ്റിന് നേരെയാണ് പരിഹാസം. തൊഴിലാളികളുടെ കഞ്ഞിയിൽ മണ്ണ് വാരിയിട്ടിട്ട് തൊഴിലാളിദിന ആശംസങ്ങൾ തരുന്നത് എന്തിനെന്നും ജനങ്ങൾ ചോദിക്കുന്നു. മേയർ അധികാര ദുർവിനിയോഗമാണ് നടത്തിയതെന്നും കെഐസ്‍ആർടിസി ഡ്രൈവറുടെ ജോലി തെറിപ്പിക്കാൻ നോക്കുന്നു എന്നതുൾപ്പെടെയുള്ള വിമർശനങ്ങളാണ് ജനങ്ങൾ ഉന്നയിക്കുന്നത്.
കാറിന് ഡൈഡ് കൊടുക്കാത്തതിന് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ അപമാനിച്ചതിനെതിരെ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന് മേയറും സംഘവും ആവർത്തിക്കുമ്പോഴും യാത്രക്കാർ ഉൾപ്പെടെ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. ഇതിന് ന്യായീകരണവുമായി രംഗത്തെത്തിയ മേയറുടെ വാദങ്ങൾ കളവാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ നിരവധി പേരാണ് മേയർക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയത്.