സിനിമാ പ്രേക്ഷകരെ പ്രായഭേദമന്യേ പിടിച്ചിരുത്തിയ സിനിമയാണ് അല്ലു അർജുൻ നായകനായ പുഷ്പ. ആദ്യഭാഗത്തിന്റെ അതേ ആവേശമാണ് രണ്ടാം ഭാഗത്തിനും ആരാധകർ നൽകുന്നത്. ചിത്രത്തിന്റെ ആദ്യ ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആരാധകരെ ആവേശത്തിലാഴ്‌ത്തി അതിഗംഭീര ഗാനമാണ് പുറത്തെത്തിയത്. ‘പുഷ്പ.. പുഷ്പ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പങ്കുവച്ചത്.
നകാഷ് അസീസ്, ദീപക് ബ്ലൂ, മിക സിംഗ്, വിജയ് പ്രകാശ്, രഞ്ജിത്ത് ഗോവിന്ദ്, തിമിർ ബിശ്വാസ് തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആരാധകർ ഇതുവരെ കാണാത്ത വേഷത്തിലാണ് അല്ലു അർജുൻ ചിത്രത്തിൽ എത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. രശ്മിക മന്ദാന തന്നെയാണ് ഇത്തവണയും നായികാ വേഷത്തിലെത്തുന്നത്. ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തിലായിരിക്കും എത്തുന്നത്.
സുകുമാറിന്റെ സംവിധാനത്തിൽ ഓഗസ്റ്റ് 15-നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. സുകുമാർ റൈറ്റിംഗ്‌സിനൊപ്പം മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമ നിർമിക്കുന്നത്. പുഷ്പയുടെ ആദ്യഭാഗത്തിൽ മികച്ച നടനുള്ള ദേശീയ അവാർഡും അല്ലുവിനെ തേടിയെത്തിയിരുന്നു. ഇനി പുഷ്പ 2 ഇറങ്ങുമ്പോൾ മറ്റൊരു ഗംഭീര പ്രകടനം കാണാനുള്ള ആവേശത്തിലാണ് ആരാധകർ.