ഇസ്ലാമാബാദ്: സിന്ധിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി പാകിസ്‍താൻ ഹിന്ദു നേതാവും സെനറ്റ് അംഗവുമായ ദനേഷ് പല്യാനി. സിന്ധ് പ്രവിശ്യയിലെ ഹിന്ദു പെൺകുട്ടികൾ നിർബന്ധിത മത പരിവർത്തനത്തിനു വിധേയമാകുന്നുവെന്നും ഇവരെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 337-ാമത് സെഷനിലാണ് ദനേഷ് നിർബന്ധിത മതപരിവർത്തനത്തിനെതിരെ ആഞ്ഞടിച്ചത്.
“ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ പോലും നിങ്ങളുടെ മതം നിനക്കെന്നും എന്റേത് എനിക്കെന്നും പറയുന്നുണ്ട്. എന്നാൽ ഈ അടിച്ചമർത്തലിനു കൂട്ട് നിൽക്കുന്നവർ പാകിസ്താന്റെ മതത്തിൽ പോലും വിശ്വസിക്കുന്നില്ല. അവർ ഹിന്ദു സ്ത്രീകളെ നിർബന്ധിച്ച് മതം മാറ്റുകയാണ്’, അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളുടെ പെൺമക്കൾ ആർക്കും കൊള്ളയടിക്കാനോ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റാനോ ഉള്ളതല്ല. സിന്ധ് പ്രവിശ്യയിൽ നിന്നും ഹിന്ദു പെൺകുട്ടിയായ പ്രിയ കുമാരിയെ തട്ടിക്കൊണ്ടുപോയിട്ട് രണ്ട് വർഷം തികയുന്നുവെന്ന് അദ്ദേഹം സെനറ്റിനെ ഓർമിപ്പിച്ചു. പാകിസ്താനിലെ നിയമമോ മതമോ നിർബന്ധിത മതപരിവർത്തനം അനുവദിക്കുന്നില്ല. എന്നാൽ സ്വാധീനമുള്ളവർക്കെതിരെ പാകിസ്താൻ ഗവൺമെന്റ് നടപടിയെടുക്കുന്നില്ലെന്ന് ദനേഷ് ചൂണ്ടിക്കാട്ടി.
മുൻപ് ഐക്യരാഷ്‌ട്ര സംഘടനയും പാകിസ്താനിലെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കെതിരെ നടത്തുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹിന്ദു പെൺകുട്ടികൾ നിർബന്ധിത മത പരിവർത്തനം, ശൈശവ വിവാഹങ്ങൾ, തട്ടിക്കൊണ്ടുപോകൽ, ഗാർഹിക അടിമത്തം, ലൈംഗിക അതിക്രമങ്ങൾ എന്നിങ്ങനെ സമാനതകളില്ലാത്ത ചൂഷണങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. ഇതിനെതിരെ അധികാരികൾ തുടരുന്ന നിഷ്‌ക്രിയത്വം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് യുഎൻ പ്രതികരിച്ചിരുന്നു.















