ഹൈദരാബാദ്: പെരുമാറ്റ ചട്ടം ലംഘിച്ചതിന് തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ പ്രചാരണത്തിൽ നിന്ന് വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. 48 മണിക്കൂറാണ് പ്രചാരണത്തിൽ നിന്ന് വിലക്കിയിരിക്കുന്നത്.
ഇന്ന് രാത്രി 8 മുതൽ വിലക്ക് നിലവിൽ വന്നു. അപകീർത്തികരവും ആക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജി നിരഞ്ജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റാവുവിന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച നോട്ടീസ് നൽകി.
പരാതിയിൽ കളക്ടർ ഏപ്രിൽ 9ന് കമ്മിഷൻ മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രസംഗത്തിൽ റാവുവിന് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി കമ്മീഷൻ അറിയിച്ചു. കോൺഗ്രസിനെയും പ്രവർത്തകരെയും നായകളോട് ഉപമിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.