തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ വിഷയത്തിൽ കേസെടുത്ത് പോലീസ്. തമ്പാനൂർ പൊലീസാണ് കെഎസ്ആർടിസിയുടെ പരാതിയിന്മേൽ കേസെടുത്തിരിക്കുന്നത്. ഗതാഗത മന്ത്രി ഗണേഷ് കുമാർ കെഎസ്ആർടിസി സിഎംഡിക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തത് വിവാദമായിരുന്നു. സംഭവത്തിൽ ഡ്രൈവർ യദു നൽകിയ പരാതിയിൽ നിർണായക തെളിവായ ബസിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡാണ് കാണാതായത്.
കാണാതായ സംഭവം പുറത്ത് വന്നതോടെ താൻ ഇത് നേരത്തെ പ്രതീക്ഷിച്ചതാണെന്ന് പ്രതികരിച്ച് യദുവും രംഗത്തെത്തിയിരുന്നു. പാർട്ടിക്കാർ മാറ്റിയതാകാമെന്ന യദുവിന്റെ വാക്കുകളും ചർച്ചയായതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.
എന്നാൽ കാർഡ് കാണാതായ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അന്വേഷണം മുറപോലെ നടക്കട്ടെ എന്നുമായിരുന്നു മേയർ ആര്യാ രാജേന്ദ്രന്റെ പ്രതികരണം.