എടത്തനാട്ടുകര; തെരഞ്ഞെടുപ്പ് ഫലം വരും മുൻപ് സിപിഎം നേതാവ് എ വിജയരാഘവനെ പാലക്കാടിന്റെ നിയുക്ത എംപിയായി പ്രഖ്യാപിച്ച് സിപിഎം ബൂത്ത് കമ്മിറ്റി. എടത്തനാട്ടുകര പൊൻപാറയിലാണ് നിയുക്ത എംപിക്ക് അഭിവാദ്യമർപ്പിച്ച് സിപിഎം ബൂത്ത് കമ്മിറ്റികൾ ഫ്‌ലെക്‌സ് ബോർഡ് സ്ഥാപിച്ചത്.
വിജയരാഘവന്റെ ഫോട്ടോ ഉൾപ്പെടുത്തിയെങ്കിലും പേര് വെച്ചിട്ടില്ലായിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ വൈകിട്ട് പൊലീസെത്തി ബോർഡ് എടുത്തുമാറ്റി. പൊൻപാറയിലെ സിപിഎം ഓഫീസിന് സമീപമായിരുന്നു ഫ്‌ളക്‌സ് വെച്ചത്. പൊൻപാറയിലെ ഒന്നും രണ്ടും ബൂത്ത് കമ്മിറ്റികളുടെ പേരിലായിരുന്നു ഫ്‌ളക്‌സ്.
2019 ൽ എംബി രാജേഷിന്റെ വിജയം ആഘോഷിക്കാൻ പാട്ട് പുറത്തിറക്കിയതും വിവാദമായിരുന്നു. എന്നാൽ പിന്നീട് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ രാജേഷ് പരാജയപ്പെടുകയായിരുന്നു.















