തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സർവത്ര ആശയക്കുഴപ്പം. പുതിയ മാറ്റങ്ങളും തീരുമാനങ്ങളും സംബന്ധിച്ച് ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കിയിട്ടില്ല. എത്ര ടെസ്റ്റ് നടത്തണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് ആർടിഒമാർ.
നേരത്തെ പ്രതിദിനം 30 ടെസ്റ്റുകൾ നടത്തുന്നത് സംബന്ധിച്ച് സർക്കുലർ ഇറക്കിയിരുന്നു. ഇത് വിവാദമായതോടെ പ്രതിദിന ലൈസൻസ് 60 ആക്കി ഉയർത്താൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാർ നിർദ്ദേശിച്ചിരുന്നെങ്കിലും സർക്കുലർ ഇറക്കിയിട്ടില്ല. ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ ഫെബ്രുവരിയിൽ ഇറങ്ങിയ സർക്കുലറിൽ ടെസ്റ്റ് നടത്തുമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ സംഘടന വ്യക്തമാക്കി.
ഇതിനിടെ പുതിയ പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ഡ്രൈവിംഗ് പരിശീലകരും രംഗത്തുണ്ട്. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് അടച്ചു കെട്ടിയാണ് പ്രതിഷേധിക്കുന്നത്. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് നൽകില്ലെന്ന് അറിയിച്ചിട്ടുണ്ട്. പരിഷ്കരണം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നത്.















