തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ഡ്രൈവിംഗ് സ്കൂൾ മാഫിയ സംഘമാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും അതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധം കൊണ്ട് പരിഷ്കാരത്തിൽ നിന്ന് പിന്നോട്ട് പോകില്ല. മലപ്പുറം ആർടി ഓഫീസിൽ മൂന്ന് കോടിയുടെ വെട്ടിപ്പാണ് നടന്നത്. വ്യാജ റസീറ്റ് ഉണ്ടാക്കി നികുതി വെട്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഇന്ന് മുതൽ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സംസ്ഥാനത്ത് എവിടെയും ഇന്ന് ടെസ്റ്റ് നടന്നില്ല. പരിഷ്കരണത്തിൽ ആശയക്കുഴപ്പവും തുടരുകയാണ്. നേരത്തെ പ്രതിദിനം 30 ലൈസൻസ് ടെസ്റ്റുകൾ നടത്താനുള്ള സർക്കുലറാണ് ഇറക്കിയിരുന്നത്. ഇത് വിവാദമായതിനെതുടർന്ന് ചില ഇളവുകൾ മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചിരുന്നെങ്കിലും സർക്കുലർ ഇറക്കിയിട്ടില്ല.















