ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷനിൽ അനധികൃത നിയമനം നേടിയ 223 കരാർ ജീവനക്കാരെ പുറത്താക്കി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന. ആം ആദ്മി എംപി സ്വാതി മലിവാൾ ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷയായിരിക്കെയാണ് ഇവർക്ക് ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയത്.
നിലവിൽ വനിതാ കമ്മീഷന്റെ പാനലിന് അംഗീകരിക്കപ്പെട്ട 40 ജീവനക്കാരുണ്ടെന്നും, 223 പുതിയ തസ്തികകൾ ലെഫ്.ഗവർണറുടെ അനുമതിയില്ലാതെ സൃഷ്ടിക്കപ്പെട്ടതാണെന്നും വി കെ സക്‌സേനയുടെ ഓഫീസ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കരാർ അടിസ്ഥാനത്തിൽ പുതിയ ജീവനക്കാരെ നിയമിക്കാൻ കമ്മീഷന് അധികാരമില്ലെന്നെും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
കരാർ നിയമനങ്ങൾക്കെതിരെ വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഈ നിയമങ്ങൾ നടപടിക്രമങ്ങൾ പാലിച്ചല്ല നടത്തിയതെന്ന് കണ്ടെത്തിയത്. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന രീതിയിലുള്ള നടപടികൾ ധനവകുപ്പിന്റെ അനുമതിയോടെയല്ലാതെ ഉണ്ടാകരുതെന്ന കാര്യവും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. വനിതാ കമ്മീഷൻ ജീവനക്കാർക്കുള്ള ശമ്പളവും അലവൻസുകളും വർദ്ധിപ്പിച്ചത് ശരിയായ രീതിയിലൂടെയല്ലെന്നും നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും ലംഘിച്ച് കൊണ്ടാണെന്നും കണ്ടെത്തിയിട്ടുണ്ട്.