രാംപൂർ: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മാണ്ഡി ലോക്സഭാ സ്ഥാനാർത്ഥി കങ്കണ റണാവത്ത്. രാജകീയ സുഖസൗകര്യങ്ങളിൽ മുഴുകി കഴിയുന്നവർക്ക് എങ്ങനെയാണ് പാവപ്പെട്ടവരുടെ വേദനയും കഷ്ടപ്പാടും മനസിലാകുന്നതെന്ന് അവർ ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് കോൺഗ്രസ് നേതൃത്വത്തിനും, മാണ്ഡിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെതിരെയും കങ്കണ വിമർശനം ഉന്നയിച്ചത്.
“അവർ ദാരിദ്ര്യമെന്താണെന്ന് പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. എന്നാൽ ചായ വിൽക്കുന്നവനും അയൽ വീട്ടിൽ പാത്രം കഴുകി മക്കളെ വളർത്തിയ അമ്മയ്‌ക്കും മാത്രമേ പാവങ്ങളുടെ വേദനയും കഷ്ടപ്പാടും അറിയൂ,” കങ്കണ പറഞ്ഞു. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കിയ, നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി ശൗചാലയം നിർമ്മിച്ച് നൽകിയ, പുകയുടെ നരകത്തിൽ നിന്നും ഗ്യാസ് സ്റ്റൗ നൽകി അവർക്ക് ആശ്വാസമേകിയ, വൃദ്ധരും നിസ്സഹായരുമായ സഹോദരങ്ങൾക്ക് അസുഖം വന്നാൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുകയും ചെയ്തവർക്കായിരിക്കണം വോട്ട് നൽകേണ്ടതെന്ന് പ്രധാനമന്ത്രി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കങ്കണ പറഞ്ഞു.
“രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, വിക്രമാദിത്യ സിംഗ് ഇവരെല്ലാം വഴിതെറ്റിയ രാജകുമാരന്മാരാണ്. ഇവർക്ക് രാജ്യത്തിന്റെ സമ്പത്തിൽ കൈവെക്കാൻ അവകാശമില്ല. അവർ അവരുടെ മാതാപിതാക്കളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്താൽ മതി. ദരിദ്ര കുടുംബങ്ങളിൽ വളർന്നുവന്നവർക്കാണ് രാജ്യത്തിന്റെ അധികാരം നൽകേണ്ടത്. അവർ മാത്രമേ പാവങ്ങളെ പറ്റി ചിന്തിക്കുകയുള്ളു. എനിക്ക് സമ്പത്ത് ആയിരുന്നു ആവശ്യമെങ്കിൽ ഞാൻ മുംബൈ ഉപേക്ഷിച്ച് ഇങ്ങോട്ട് വരില്ലായിരുന്നു. എന്നാൽ എനിക്ക് വേണ്ടത് നിങ്ങളെ സേവിക്കാനുള്ള അവസരമാണ് ,” കങ്കണ പറഞ്ഞു. രാജകീയ കുടുംബത്തിൽ ജനിച്ചിട്ടും കോൺഗ്രസ് നേതാവ് വിക്രമാദിത്യ ഒരു സ്ത്രീയായ തനിക്കെതിരെ വളരെ മോശം രീതിയിലുള്ള പരാമർശങ്ങളാണ് നടത്തുന്നതെന്നും അവർ പറഞ്ഞു. ഹിമാചൽ പ്രദേശിൽ നാല് ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ജൂൺ 1 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.















