കാലിഫോർണിയ: ഖലിസ്ഥാൻ ഭീകരൻ ഗോൾഡി ബ്രാർ കൊല്ലപ്പെട്ടന്ന അഭ്യൂഹങ്ങൾ തള്ളി യുഎസ് പൊലീസ്. കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ ഹോട്ടൽ ഫെയർമൗണ്ടിൽ വെച്ച് ഗുണ്ടാ നേതാവ് വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വെടിവെപ്പ് നടന്നതായും എന്നാൽ മരിച്ചത് 37 കാരനായ സേവ്യർ ഗ്ലാഡ്‌നിയാണെന്നും പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ലെഫ്റ്റനൻ്റ് വില്യം ഡൂലി പറഞ്ഞു. വ്യാജ റിപ്പോർട്ട് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും വില്യം ഡൂലി വ്യക്തമാക്കി. ദല്ലാ ലഖ്ബീർ സംഘത്തിലെ ആക്രമണത്തിൽ ബ്രാർ കൊല്ലപ്പെട്ടെന്നായിരുന്നു പ്രചരിച്ചിരുന്നത്.
പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന്റെ സൂത്രധാരനായ ഗോൾഡി ബ്രാറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാനി ഗ്രൂപ്പായ ബബ്ബർ ഖൽസ ഇന്റർനാഷണലിലെ അംഗമായ ബ്രാറിനെ ആ വർഷം ആദ്യമാണ് ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചത്. അന്താരാഷ്‌ട്ര ബന്ധങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ് ഇയാൾ.
പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബ് സ്വദേശിയായ ബ്രാർ എന്ന സതീന്ദർജീത് സിംഗ് 2017-ലാണ് സ്റ്റുഡന്റ് വിസയിൽ കാനഡയിൽ എത്തിയത്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ സജീവ അംഗം കൂടിയാണ് ഇയാൾ. പഞ്ചാബിൽ മാത്രം 12 ലധികം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.















