ബെംഗളൂരു: പോയി തൂങ്ങിമരിക്കാൻ ആരെങ്കിലും പറഞ്ഞാൽ അത് ആത്മഹത്യ പ്രേരണകുറ്റമായി കാണാനാവില്ലെന്ന് കർണാടക ഹൈക്കോടതി. വിവാദ പ്രസ്താവനകൾ ഉൾപ്പെട്ട കേസുകളിൽ ആത്മഹത്യ പ്രേരണകുറ്റം നിർണ്ണയിക്കുന്നതിലെ സങ്കീർണതയെ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം. ഉഡുപ്പിയിലെ ഒരു വൈദികന്റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണ ആരോപണങ്ങൾ ഉൾപ്പെട്ട ഹർജിയിലാണ് കോടതി നിർണായക പ്രസ്താവന നടത്തിയത്.
ജസ്റ്റിസ് എം നാഗപ്രസന്നയാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാരൻ തന്റെ ഭാര്യയും വൈദികനും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ പേരിൽ വാക്കുതർക്കത്തിനിടെ വൈദികനോട് ‘പോയി തൂങ്ങി മരിക്കൂ’ എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതാണ് വൈദികനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു എതിർഭാഗത്തിന്റെ ആരോപണം. ഇതിനെതിരെയാണ് ഇയാൾ കോടതിയെ സമീപിച്ചത്. പുരോഹിതനായ ഒരാളുടെ അവിഹിതബന്ധം പുറംലോകം അറിഞ്ഞതിലുള്ള അപമാന ഭയമാണ് ആത്മഹത്യക്ക് കാരണമെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
ഇരു കക്ഷികളുടെയും വാദം കേട്ട കോടതി വൈദികന്റെ ആത്മഹത്യക്ക് പിന്നിൽ പലവിധ കാര്യങ്ങൾ ഉണ്ടെന്നു കണ്ടെത്തി. ഉണ്ടെന്നു കണ്ടെത്തി. ഹ്യൂമൻ സൈക്കോളജിയിലെ സങ്കീർണതകളും മനുഷ്യമനസ്സിനെ മനസിലാക്കുന്നതിലെ വെല്ലുവിളിയും കണക്കിലെടുത്ത കോടതി ഹർജിക്കാരന് മേൽ ആത്മഹത്യ പ്രേരണകുറ്റം നിലനിൽക്കില്ലെന്ന് ഉത്തരവിടുകയായിരുന്നു.















