ചെന്നൈ: തമിഴ് നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ വനവറെഡ്ഡി കാളിയമ്മൻ ക്ഷേത്രത്തിൽ പതിമൂന്നാം നൂറ്റാണ്ടിലെ സ്മാരക ശിലകൾ കണ്ടെത്തി. ഗ്രാമത്തിലെ തടാകക്കരയിൽ പക്ഷികളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കുയിലി എന്ന ഒരു എൻ ജി ഓയുടെ വാളണ്ടിയർമാരാണ് ലിഖിതങ്ങളെ കുറിച്ച് മനസ്സിലാക്കുകയും “യാക്കൈ ഹെറിറ്റേജ് ട്രസ്റ്റിനെ” വിവരം അറിയിക്കുകയും ചെയ്തത്
തങ്ങളുടെ സംഘടനയിലെ സന്നദ്ധ സംഘം കാളിയമ്മൻ ക്ഷേത്രത്തിൽ നടത്തിയ പരിശോധനയിൽ ലിഖിതങ്ങളുള്ള ചില സ്മാരക ശിലകളും സമീപത്തെ അയ്യനാർ ക്ഷേത്രത്തിൽ നിന്ന് തകർന്ന ഒരു ലിഖിതവും കണ്ടെത്തിയതായി യാക്കൈ ഹെറിറ്റേജ് ട്രസ്റ്റ് സെക്രട്ടറി കുമാരവേൽ രാമസാമി പറഞ്ഞു. കണ്ടെത്തിയ പതിമൂന്നാം നൂറ്റാണ്ടിലെ ശിലാസ്മാരകം വനകോവരയാർ രാജവംശകാലത്ത് നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു.
തമിഴ്‌നാട് സർക്കാരിന്റെ പുരാവസ്തു വകുപ്പ് മുൻ ജോയിൻ്റ് ഡയറക്ടറും മുതിർന്ന പുരാവസ്തു ഗവേഷകനുമായ ആർ പൂങ്കുന്ദ്രൻ ഈ ലിഖിതം പരിശോധിച്ച് അതിന്റെ ചരിത്രപരമായ പ്രാധാന്യം സാധൂകരിച്ചു. വനകോവരയാർ രാജവംശത്തിലെ രാജാക്കന്മാർക്ക് നൽകിയ സ്വർണ്ണഗ്രാൻ്റുകൾ ഉപയോഗിച്ച് സപ്ത പിടാരിമാർക്കായി ഒരു ക്ഷേത്രം നിർമ്മിച്ചതായി ലിഖിതങ്ങളിൽ പരാമർശിക്കുന്നു.
“ഇന്നത്തെ സേലം ജില്ലയുടെ കിഴക്കുഭാഗം, പേരാമ്പ്ര, കള്ളക്കുറിച്ചി, വില്ലുപുരം, തിരുവണ്ണാമലൈ, കടലൂർ എന്നീ ജില്ലകൾ വനകോവരയാർ എന്ന രാജകുടുംബമായിരുന്നു ഭരിച്ചത് . ഈ കണ്ടെത്തലുകൾ സപ്തപിടാരിമാരെ (സപ്തമാതൃ) പ്രതിഷ്ഠിച്ച ഒരു ക്ഷേത്രം നിലനിന്നതിലേക്ക് വെളിച്ചം വീശുന്നു,” അദ്ദേഹം പറഞ്ഞു.
തമിഴ് നാട്ടിലെ നാടോടി ആരാധനയുടെ പൈതൃകത്തിന്റെ ഭാഗമാണ് പിടാരി ക്ഷേത്രവും അയ്യനാർ ക്ഷേത്രവും തമ്മിലുള്ള ബന്ധം. ‘ഊരുക്കൊരു പിടാരി, എറിക്കൊരു അയ്യനാർ’ (ഒരു ഗ്രാമത്തിന് ഒരു പിടാരി, ഒരു തടാകത്തിന് ഒരു അയ്യനാർ) എന്ന പഴഞ്ചൊല്ല് എല്ലാ ഗ്രാമങ്ങളിലും എല്ലാ തടാകങ്ങളിലും ഈ ദേവതകളുടെ സർവ്വവ്യാപിയായ സാന്നിധ്യത്തെ പ്രതിനിധീകരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
800 വർഷമായി ഇവിടെ പിടാരിയുടെയും അയ്യനാരുടെയും ക്ഷേത്രങ്ങൾ അടുത്തടുത്തായി ഉണ്ടായിരുന്നു. പ്രാചീനകാലത്ത് പൊതുവെ സപ്ത മാതൃക്കളായി ആരാധിച്ചിരുന്ന ദേവതകൾ സപ്തപിടാരികളായി ഇവിടെ ആരാധിക്കപ്പെടുകയും പിന്നീട് കാളി ക്ഷേത്രമായി മാറുകയും ചെയ്തു. അദ്ദേഹം കൂട്ടിച്ചേർത്തു.
പിടാരി എന്നത് ഒരു തമിഴ് ഹിന്ദു ദേവതയാണ്. ഹിന്ദു ദേവന്മാരുടെ ശക്തികളുടെ വ്യത്യസ്ത ഭാവങ്ങളായി അവരെ ഏഴും ഒൻപതും ഭാവങ്ങളിൽ ആരാധിക്കുന്നു. പിൽക്കാലത്ത് ഈ ദേവതാ സങ്കൽപം സപ്തമാതൃക്കളായി മാറി.
എ ഡി 10 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ഇന്ത്യയിലെ തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ ഭരിച്ചിരുന്ന ഒരു മധ്യകാല രാജവംശമായിരുന്നു വനകോവരയാർ രാജവംശം. ചോള രാജവംശത്തിന്റെ കീഴിലുള്ള ഉപ കുടുംബത്തിലെ കടവ വനകണ്ഠനാണ് ഈ രാജവംശം സ്ഥാപിച്ചത്.