ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മന്ത്രി ദിനേശ്പ്രതാപ് സിംഗ് റായ്ബറേലിയിലെ ബിജെപി സ്ഥാനാർത്ഥി. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സഹമന്ത്രിയായ
അദ്ദേഹം റായ്ബറേലി സ്വദേശിയാണ്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ദിനേശ്പ്രതാപ് സിംഗ് തന്നെയായിരുന്നു റായ്ബറേലിയിലെ ബിജെപി സ്ഥാനാർത്ഥി. അന്ന് സോണിയയ്‌ക്കെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച അദ്ദേഹത്തിന് കോൺഗ്രസിന്റെ വോട്ടിൽ വിള്ളൽ വീഴ്‌ത്താനും കഴിഞ്ഞിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാൻ ദേശീയ നേതൃത്വം തീരുമാനമെടുത്തത്. 2022ൽ റെക്കോർഡ് ഭൂരിപക്ഷം നേടിയാണ് ദിനേശ്പ്രതാപ് സിംഗ് ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായത്.
മെയ് 20ന് വോട്ടെടുപ്പ് നടക്കുന്ന റായ്ബറേലി മണ്ഡലത്തിൽ നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. കോൺഗ്രസിന്റെ കോട്ട എന്ന് വിശേഷിപ്പിക്കുന്ന മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താൻ പക്ഷെ ഇതുവരെ കോൺഗ്രസിന് ആയിട്ടില്ല. 1960 മുതൽ ഇന്ദിര തൊട്ട് സോണിയ വരെ നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായാണ് റായ്ബറേലിയെ പരിഗണിച്ചിരുന്നത്. മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്വാധീനം കുറഞ്ഞതാണ് നെഹ്റു കുടുംബത്തിനെ പ്രധാനമായും അലട്ടുന്നത്.















