കൊച്ചി: വീട്ടമ്മയുടെ ഊരിപ്പോയ മൂക്കുത്തി 12 വർഷങ്ങൾക്ക് ശേഷം ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തു. കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരാണ് കൊല്ലം സ്വദേശിനിയായ 44കാരിയുടെ ശ്വാസകോശത്തിൽ നിന്ന് മൂക്കുത്തി പുറത്തെടുത്തത്. ശസ്ത്രക്രിയ കൂടാതെയായിരുന്നു ഇത് നടത്തിയതെന്ന് ഇന്റർവെൻഷനൽ പൾമനോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫ് അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ശ്വാസകോശത്തിൽ പോയ മൂക്കുത്തി പുറത്തെടുത്തത്.
ഏകദേശം 12 വർഷങ്ങൾക്ക് മുൻപായിരുന്നു വീട്ടമ്മയുടെ മൂക്കുത്തി നഷ്ടപ്പെട്ടത്. എന്നാലിത് എവിടെയാണ് നഷ്ടപ്പെട്ടതെന്ന് അറിയില്ലായിരുന്നു. ഉറങ്ങുന്നതിനിടെ എങ്ങനെയോ ഊരിപ്പോയ മൂക്കുത്തി മൂക്കിലൂടെ സഞ്ചരിച്ച് വായ്‌ക്കുള്ളിലെത്തുകയും ഇറങ്ങിപ്പോവുകയും ചെയ്തുവെന്നാണ് കരുതുന്നത്. തുടർന്ന് ഇത് ശ്വാസകോശത്തിൽ അകപ്പെട്ടിരിക്കാം. അടുത്തിടെ ശ്വസന സംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മയ്‌ക്ക് സ്കാനിംഗ് നടത്തിയപ്പോഴാണ് ശ്വാസകോശത്തിൽ മൂക്കുത്തിയുടെ ഒരു ഭാഗം തറച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ പുറത്തെടുക്കുകയായിരുന്നു.