സിനിമാസ്വാദകർ ഒന്നടങ്കം ഏറ്റെടുത്ത സിനിമയാണ് ആവേശം. റിലീസ് ചെയ്ത ദിവസം മുതൽ തിയേറ്ററുകൾ ചിരിയുടെ പൂരപ്പറമ്പാക്കാൻ ഫഹദിനും ഗ്യാങിനും സാധിച്ചു. തിയേറ്ററിലെത്തി 25 ദിവസം കഴിയുമ്പോഴും മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ് ചിത്രം. ആവേശത്തിന്റെ കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. 130 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.
വിഷു ചിത്രങ്ങളിൽ പ്രീ റിലീസിൽ വൻ ഹൈപ്പ് കിട്ടിയ സിനിമയാണ് ആവേശം. ജിത്തുമാധവൻ സംവിധാനം ചെയ്ത ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് നിർമിച്ചത്. ജിത്തുവിന്റെ രോമാഞ്ചം എന്ന സിനിമയിൽ കണ്ട അതേ എനർജിയും ആവേശവുമൊക്കെ ഈ ചിത്രത്തിലുമുണ്ട്.
ഫഹദിന് പുറമേ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേരും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആക്ഷനും കോമഡിയുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പ്രേക്ഷകരെ ചിരിപ്പിച്ച് ആവേശമാവുകയാണ് രംഗണ്ണന്റെയും പിള്ളേരേം ആവേശം. ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 150 കോടി നേടുമെന്നാണ് പുറത്തുവരുന്ന വിവരം.















