ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമപ്രകാരം കുടിയേറ്റക്കാർക്ക് പൗരത്വം ഉടൻ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ ഇത് യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പൗരത്വത്തിനായുള്ള അപേക്ഷകൾ വന്നുതുടങ്ങി. ചട്ടങ്ങൾക്കനുസൃതമായാണ് സൂക്ഷ്മപരിശോധന നടക്കുന്നത്. തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിന് മുമ്പ്, പൗരത്വം നൽകുന്ന പ്രക്രിയ ആരംഭിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപരമായ പീഡനങ്ങളെ തുടർന്ന് ഇന്ത്യയിലേക്ക് കുടിയേറിയവർക്ക് പൗരത്വം നൽകുന്നതാണ് പൗരത്വ നിയമഭേദഗതി. 2014 ഡിസംബർ 31-ന് മുൻപ് എത്തിയവർക്കാണ് പൗരത്വം നൽകുന്നത്. സിഖ്, ജൈന, പാഴ്സി, ക്രിസ്ത്യൻ, ബുദ്ധ, ഹിന്ദു, പാഴ്സി വിഭാഗക്കാർക്ക് പൗരത്വം നൽകും. 2019 ഡിസംബർ 10-ന് ലോക്സഭ പാസാക്കി. 2019 ഡിസംബർ 11-ന് രാജ്യസഭ പാസാക്കി. 2019 ഡിസംബർ 12-ന് രാഷ്‌ട്രപതി അംഗീകാരം നൽകി.















