ന്യൂഡൽഹി: അമേഠിയിലും റായ്ബറേലിയിലും നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ആയിട്ടും സ്ഥാനാർത്ഥികളെ തീരുമാനിക്കാനാകാതെ ആശയക്കുഴപ്പത്തിൽ കോൺഗ്രസ്. രാഹുൽ ഗാന്ധിയും പ്രിയങ്ക വദ്രയും ഈ സീറ്റുകളിൽ നിന്ന് മത്സരിക്കണമെന്ന് നേതൃത്വം താത്പര്യം അറിയിച്ചെങ്കിലും ഇരുവരും ഇതിന് തയ്യാറല്ലെന്നാണ് റിപ്പോർട്ട്. ഇരുവരും ഈ സീറ്റുകളിൽ നിന്ന് മത്സരിക്കാൻ സാധ്യതയില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെ ഇന്നലെ ഡൽഹിയിൽ രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയായതിനാൽ രണ്ട് സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ടോടെ കോൺഗ്രസ് പ്രഖ്യാപിക്കും. അമേഠിയിൽ സ്മൃതി ഇറാനിക്കെതിരെ രാഹുൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു.
വർഷങ്ങളായി നെഹ്‌റു കുടുംബം കൈവശം വച്ചിരുന്ന സീറ്റുകളാണ് ഇവ രണ്ടും. എന്നാൽ കഴിഞ്ഞ തവണ അമേഠിയിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയതോടെയാണ് വീണ്ടും ഇവിടെ മത്സരിക്കാൻ തയ്യാറല്ലെന്ന നിലപാട് രാഹുൽ സ്വീകരിച്ചത്. അതിനിടെ രാഹുൽ റായ്ബറേലിയിൽ നിന്ന് മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്















