ലക്‌നൗ: മത അടിസ്ഥാനത്തിലുള്ള സംവരണം കൊണ്ടുവന്ന് രാജ്യത്ത് താലിബാൻ ഭരണം നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ കാലത്ത് ഹിന്ദുക്കൾക്ക് മേൽ ചുമത്തിയിരുന്ന ജിസിയ നികുതി പോലെ വീണ്ടും നികുതി ചുമത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ഫിറോസാബാദിൽ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” മത അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കി രാജ്യത്ത് താലിബാൻ ഭരണം നടപ്പിലാക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ രാജ്യത്ത് വീണ്ടും ഭിന്നിപ്പ് ഉണ്ടാക്കുക എന്നതാണ് കോൺഗ്രസിന്റെ ദുരുദ്ദേശം. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള സഖ്യത്തെ എപ്പോഴും സൂക്ഷിക്കണം. പിന്നാക്ക വിഭാഗത്തിലുള്ളവർക്കും പട്ടികജാതിക്കാർക്കും പകരം മുസ്ലീങ്ങൾക്ക് മാത്രമായി സംവരണം കൊടുക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.
പിന്നാക്ക വിഭാഗത്തിലുള്ളവരുടെ സംവരണം അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമം. ഇന്ത്യയെ അടിമത്തത്തിലേക്ക് വലിച്ചിഴക്കാനുള്ള എസ്പി-കോൺഗ്രസ് സഖ്യത്തിന്റെ ഗൂഢാലോചനയാണിത്. കോൺഗ്രസും ഇൻഡി മുന്നണിയിലുള്ളവരും ചേർന്ന് രാജ്യത്തെ വഞ്ചിക്കുകയാണ്. വ്യാജ പ്രകടന പത്രികയാണ് അവർ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഭിന്നിപ്പിച്ച് ഭരിക്കാൻ മാത്രമാണ് ഇക്കൂട്ടർക്ക് അറിയുകയെന്നും” യോഗി ആദിത്യനാഥ് വിമർശിച്ചു.