ബെംഗളൂരു: ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലെ ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ കൂടുതൽ വെള്ളം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം. ഉപരിതലത്തിലുള്ള ഹിമത്തേക്കാൾ അഞ്ച് മുതൽ എട്ട് മടങ്ങ് വരെ വലുതാകും ഇരു ധ്രുവങ്ങളിലെയും ഐസ് എന്നാണ് പഠനം.
ഇസ്രോയുടെ സ്പേസസ് ആപ്ലിക്കേഷൻ സെൻ്റർ (എസ്.എ.സി) ആണ് ഐഐടി കാൺപൂർ, സതേൺ കാലിഫോർണിയ സർവകലാശാല, ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ഐഐടി ധനബാദ് എന്നിവയുടെ സഹകരണത്തോടെ പഠനം നടത്തിയത്. നിർണായക കണ്ടെത്തലുകൾ ജേണൽ ഓഫ് ഫോട്ടോഗ്രാമെട്രി ആൻഡ് റിമോട്ട് സെൻസിംഗിൽ പ്രസിദ്ധീകരിച്ചു.
ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങൾക്കും ചന്ദ്രനിൽ മനുഷ്യസാന്നിധ്യം നിലനിർത്തുന്നതിനും നിർണായകമായ കണ്ടെത്തലാണിത്. നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്റിലെ റഡാർ, ലേസർ, ഒപ്റ്റിക്കൽ, ന്യൂട്രോൺ സ്പെക്ട്രോമീറ്റർ, അൾട്രാ വയലറ്റ് സ്പെക്ട്രോമീറ്റർ, തെർമൽ റേഡിയോമീറ്റർ എന്നിവയുൾപ്പെടുന്ന ഏഴ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഗവേഷകർ ഈ നിർണായക കണ്ടെത്തലുകളിൽ എത്തിച്ചേർന്നത്.
ചന്ദ്രയാൻ-2-ലെ പോളാരിമെട്രിക് റഡാർ ഡേറ്റ ഉപയോഗിച്ച് ചില ധ്രുവീയ ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ വെള്ളത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടുന്ന ഐഎസ്ആർഒയുടെ മുൻപഠനത്തെ പുതിയ പഠനം സാധൂകരിക്കുന്നു. ഉത്തര ധ്രുവമേഖലയിലെ മഞ്ഞുരൂപത്തിലുള്ള വെള്ളത്തിന്റെ വ്യാപ്തി ദക്ഷിണമേഖലയേക്കാളും ഇരട്ടിയെന്ന് പഠനം സൂചിപ്പിക്കുന്നു. ഏറെ പ്രതീക്ഷകൾ നൽകുന്നതാണ് പുതിയ കണ്ടെത്തലുകൾ.















