ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് അമിത് ഷാ. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നത്. വോട്ടെണ്ണൽ ദിവസമായ ജൂൺ 4 ന് ഭാരത് ജോഡോ യാത്രക്ക് പകരം കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര നടത്തേണ്ടി വരുമെന്ന് അമിത് ഷാ പരിഹസിച്ചു. ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അമിത് ഷായുടെ പരിഹാസം.
രാഹുലും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാതിരുന്നത് അവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്താലാണ്. ഇൻഡി സഖ്യത്തിന്റെ രാജകുമാരൻ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് ഭാരത് ജോഡോ യാത്രയിലൂടെ ആയിരുന്നു. എന്നാൽ ജൂൺ 4 ന് അത് ‘കോൺഗ്രസ് ഠൂണ്ടോ’ യാത്രയിൽ (കോൺഗ്രസിന്റെ കണ്ടെത്താനുള്ള യാത്ര) അവസാനിക്കുമെന്നും അമിത്ഷാ പറഞ്ഞു.
ബിജെപി ഇത്തവണ ബറേലിയിലെ സിറ്റിംഗ് എംപിയായ സന്തോഷ് ഗംഗ്വാറിനെ മത്സരിപ്പിക്കാത്തതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. പാർട്ടി അദ്ദേഹത്തിന് ഭാവിയിൽ മറ്റൊരു പദവി നൽകുന്നതിനെകുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അതിനാലാണ് ഛത്രപാൽ ഗംഗ്വാറിനെ ലോക്സഭാ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്നും അമിത് ഷാ പറഞ്ഞു.