ഡെറാഡൂൺ: ചാർധാം യാത്രയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ കമ്മിഷണർ ആർ രാജേഷ് കുമാർ അറിയിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രദേശത്തെ ഹോട്ടൽ ഉടമകളും കടയുടമകളും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
തീർത്ഥാടകർക്ക് നൽകുന്ന ആഹാരത്തിൽ സുരക്ഷ സംബന്ധിച്ച് എന്തെങ്കിലും വീഴ്ച വന്നാൽ ആ മേഖലയിലുള്ള ഭക്ഷ്യവകുപ്പ് ഓഫീസർമാർക്കെതിരെയും നടപടി സ്വീകരിക്കും.
തീർത്ഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും ഇക്കാര്യത്തിൽ കർമപദ്ധതി തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ചാർധാം യാത്രാ റൂട്ടിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ ജില്ലകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് മെഡിക്കൽ ഹെൽത്ത് ആൻ്റ് മെഡിക്കൽ എജ്യുക്കേഷൻ സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. പഴകിയതും തുറന്നതുമായ ഭക്ഷണസാധനങ്ങൾ വിൽക്കാൻ പാടില്ലെന്നും ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ആരോഗ്യനില പരിശോധിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിർദേശിച്ചു.















