കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ വൊകാതെ ഉത്തരമാകുമെന്ന് കൊച്ചി ഡിസിപി സുദർശൻ. ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും 24 മണിക്കൂറിനകം പ്രതികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
ആമസോൺ പാഴ്സൽ കവറിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം. കവറിലെ പേരുവിവരങ്ങളും അന്വേഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഫ്ലാറ്റിലുള്ളവരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. ഫ്ലാറ്റിലുള്ളവർ പുറത്തു പോകരുതെന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഫൊറൻസിക് സംഘം ഫ്ലാറ്റിലെത്തിയിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന ഫ്ലാറ്റുകൾ ഉൾപ്പടെ പരിശോധിക്കും. എസിപി രാജ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
ഇന്ന് രാവിലെയാണ് മനഃസാക്ഷി മരവിക്കുന്ന സംഭവമുണ്ടായത്. കൊച്ചി പനമ്പള്ളിനഗറിലെ അപ്പാർട്‌മെന്റിൽ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. ആൾത്താമസമില്ലാത്ത ഫ്ലാറ്റിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞതെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്.
ഫ്ലാറ്റിൽ ഗർഭിണികൾ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ആശ വർക്കർ നൽകുന്ന വിവരം. ലിചെയ്യുന്ന സ്ത്രീകളിലും ഗർഭിണികൾ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. സിസിടിവി കേന്ദ്രീകരിച്ച് പരിശോധന പുരോഗമിക്കുകയാണ്.















