സ്വകാര്യ ജീവിതത്തിൽ ഏറ്റവും മോശം ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോൾ ഭഗവാൻ കൃഷ്ണനെന്ന ആത്മീയ ചൈതന്യമാണ് തന്നെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രശസ്ത നടൻ നിതീഷ് ഭരദ്വാജ്. മഹാഭാരതത്തിലെ ശ്രീകൃഷ്ണ കഥാപാത്രം അവതരിപ്പിച്ച് ഏവർക്കും പ്രിയങ്കരനായ വ്യക്തിയാണ് നിതീഷ്. ഭഗവത് ഗീതയിലെ തത്വങ്ങൾ അനുസരിച്ചാണ് തന്റെ ഇന്നത്തെ ജീവിതമെന്നും, ഭഗവാനിൽ ലയിച്ച് ചേർന്ന ജീവിതമാണ് താൻ ഇന്ന് നയിക്കുന്നതെന്നും നിതീഷ് പറയുന്നു.
” എന്റെ വ്യക്തിജീവിതത്തിൽ ഏറ്റവും മോശം സമയത്തിലൂടെ കടന്നു പോയപ്പോഴും ആത്മീയമായ മാറ്റങ്ങൾക്കായി ഭഗവാൻ കൃഷ്ണനെയാണ് ആശ്രയിച്ചത്. പ്രിയപ്പെട്ടവരും അതിലും പ്രിയപ്പെട്ട ബന്ധങ്ങളുമെല്ലാം കൺമുന്നിൽ ഇല്ലാതാകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ബന്ധങ്ങൾ എന്നത് ക്ഷണികമാണെന്ന് അറിയാം. എന്നാൽ ഭഗവാനിൽ ജീവിതം അർപ്പിച്ച് കഴിഞ്ഞാൽ മോശം അനുഭവങ്ങൾ പോലും ഒരിക്കലും നമ്മളെ ബാധിക്കില്ല. കാരണം ആത്മീയമായ മറ്റൊരു തലത്തിലേക്ക് നമ്മളെത്തും. ഭഗവാന്റെ ഗീതാതത്വങ്ങൾ അനുസരിച്ചാണ് ഇന്ന് എന്റെ ജീവിതം. അടുത്ത ജന്മത്തിലേക്കുള്ള മറ്റൊരു ലക്ഷ്യത്തിനായി ഭഗവാൻ എന്നെ ഒരുക്കുകയാണെന്നാണ് കരുതുന്നതെന്നും” നിതീഷ് ഭരദ്വാജ് പറയുന്നു.
വീണ്ടും അഭിനയരംഗത്തേക്ക് കടക്കുന്നതിനെ കുറിച്ചും അദ്ദേഹം തുറന്ന് സംസാരിച്ചു. ചക്രവ്യൂഹ് എന്ന നാടകത്തിലൂടെ വീണ്ടും ശ്രീകൃഷ്ണനായി അഭിനയിക്കാനൊരുങ്ങുകയാണ് നിതീഷ് ഭരദ്വാജ്. ” ഇന്നത്തെ നമ്മുടെ ജീവിതത്തിന് ഏറെ പ്രസക്തമായ ഒരു ഇതിഹാസമാണ് മഹാഭാരതം. ഈ പ്രശ്‌നങ്ങളെല്ലാം കൈകാര്യം ചെയ്യാൻ പ്രാപ്തനായ വ്യക്തിയാണ് ഭഗവാൻ ശ്രീകൃഷ്ണൻ. അഭിമന്യുവിന്റെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളെ ഭഗവാന്റെ കണ്ണിലൂടെ ഇതിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ അഭിനയത്തിന് പുറമെ ഞാൻ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്യുന്നുണ്ട്. എന്റെ തന്നെ കഴിവുകളെ ഉപയോഗിച്ച് അതിജീവനത്തിന്റെ പാഠങ്ങൾ ഭഗവാൻ പകർന്ന് നൽകി. ഇതുകൊണ്ട് തന്നെയാണ് ഭഗവാനോടുള്ള അഭിനിവേശം ഇന്നും ഒട്ടും കുറയാതെ തുടരുന്നത്. ജീവിതത്തിന്റെ കഠിനപാതകളിലൂടെ കടന്നുപോകുമ്പോൾ പുഞ്ചിരിച്ച് കൊണ്ട് നേരിടണമെന്ന പാഠം പഠിപ്പിച്ചതും ഭഗവാനിൽ നിന്നാണെന്നും” നിതീഷ് പറയുന്നു.















