ന്യൂഡൽഹി: പുൽമൈതാനത്തെ ആനക്കൂട്ടത്തിനിടയിൽ ഓടിനടന്ന് അമ്മയെ തിരയുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കെനിയയിലെ അംബോസെലി നാഷണൽ പാർക്കിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ചിരിപടർത്തുന്നത്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഫിലിപ്പാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ആനക്കുട്ടി അമ്മയെ തേടി പുൽമേടിലൂടെ ഓടുന്നതും മറ്റ് ആനകളുടെ അടുത്തെത്തി അവർക്കിടയിൽ അമ്മയുണ്ടോയെന്ന് തിരയുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ നദിക്കരയിൽ നിൽക്കുന്ന അമ്മയെ കണ്ടുകിട്ടിയ സന്തോഷത്തിൽ അവിടേക്ക് ഓടുന്ന ആനക്കുട്ടിയുടെ ഹൃദയസ്പർശിയായ വീഡിയോ പുഞ്ചിരിയോടെയല്ലാതെ കണ്ടു തീർക്കാനാവില്ല.
“ഞാൻ ഈ വീഡിയോ 1000 തവണ കണ്ടു, ഞാൻ ഇപ്പോഴും പുഞ്ചിരിക്കുന്നു! നിങ്ങൾ ഈ കൊച്ചു സുന്ദരിയെ എത്ര തവണ കണ്ടു? സത്യമായും, ആരുടെ മുഖത്തും പുഞ്ചിരി കൊണ്ടുവരാൻ കഴിയുന്ന ശുദ്ധമായ സന്തോഷത്തിന്റെ നിമിഷമാണിത്”, ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കിട്ടുകൊണ്ട് ഫിലിപ്പ് കുറിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം 4 ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.
https://www.instagram.com/reel/C5-WH_3qJAY/















