ന്യൂഡൽഹി: 14 വയസുകാരിയെ സഹപാഠി ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ മുഖത്ത് 17 സ്റ്റിച്ചുകളാണ് വേണ്ടി വന്നത്. ഡൽഹിയിലെ ഗുലാബി ബാഗ് പ്രദേശത്തെ സ്കൂളിലാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയുടെ മൊഴിയനുസരിച്ച് ഏപ്രിൽ 29 നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി അവളുടെ സഹപാഠികളുമായി ചേർന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം അവിടെയെത്തിയ മറ്റു ചില പെൺകുട്ടികൾ അവളുടെ സുഹൃത്തിന്റെ ടിഫിൻ ബോക്സ് തട്ടിയെടുത്തു. പെൺകുട്ടിയുടെ സുഹൃത്ത് ഇത് തിരികെ ചോദിച്ചെങ്കിലും പെൺകുട്ടികൾ നൽകാൻ തയ്യാറായില്ല. തുടർന്നുണ്ടായ വാക്കുതർക്കത്തിൽ ഇടപെട്ട പെൺകുട്ടി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയും എന്നാൽ സഹപാഠികളായ പെൺകുട്ടികളിൽ ഒരാൾ 14 കാരിയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
സംഭവശേഷം സ്‌കൂളിൽ നിന്ന് ആരും സഹായിച്ചില്ലെന്നാണ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. പെൺകുട്ടിയുടെ മുഖത്ത് 17 സ്റ്റിച്ചുകൾ വേണ്ടി വന്നെന്നും കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നും പിതാവ് പറഞ്ഞു. സംഭവത്തിൽ പ്രതികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കേസിൽ ഉൾപ്പെട്ടവരെല്ലാം പ്രായപൂർത്തിയാകാത്തവർ ആയതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.