ലക്‌നൗ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഭോപ്പാലിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഝാൻസിയിൽ വച്ചായിരുന്നു സംഭവം. പുഖ്രയാൻ സ്വദേശി മുഹമ്മദ് അർഷാദാണ് (28) ഭാര്യ അഫ്സാനെയെ മുത്തലാഖ് ചൊല്ലിയത്. ട്രെയിനിൽ യുവതിയെ മർദിച്ചതിന് ശേഷം ഇയാൾ കടന്നു കളഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജനുവരി 12-നായിരുന്നു ഭോപ്പലിൽ ജോലി ചെയ്യുന്ന സോഫ്‌റ്റ്വെയർ എൻജിനീയറായ അർഷാദും രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. മാട്രിമോണി വഴിയുള്ള ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയത്. കഴിഞ്ഞയാഴ്ച ഇരുവരും പുഖ്രായനിലെ അർഷാദിന്റെ വീട്ടിൽ എത്തിയപ്പോഴാണ് യുവാവ് നേരത്തെ വിവാഹിതനാണെന്ന് അഫ്സാന അറിഞ്ഞത്.
ഇത് ചോദ്യം ചെയ്ത യുവതിയെ ഭർതൃ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ ശാരീകമായും മാനസികമായും പീഡിപ്പിച്ചു. ഇതിന് പിന്നാലെയാണ് യാത്ര ചെയ്യുന്നതിനിടെ മുത്തലാഖ് ചൊല്ലിയത്. മുത്തലാഖ് ചൊല്ലുന്നവർക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഭരണകൂടവും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമത്തിൽ അഫ്‌സാന പങ്കുവച്ച വീഡിയോയും വൈറലാണ്.
യുവതിയുടെ പരാതിയിൽ ഭർത്താവ് അർഷാദ്, മാതൃസഹോദരൻ അഖീൽ, അച്ഛൻ നഫീസുൽ ഹസൻ, അമ്മ പർവീൺ എന്നിവർക്കെതിരെ കേസെടുത്തതായി സർക്കിൾ ഓഫീസർ പ്രിയ സിംഗ് പറഞ്ഞു.















