തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമേകാൻ വരും ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ വയനാട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് കാസർകോഡ് ഒഴികെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
നാളെ മലപ്പുറം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം തുടങ്ങിയ ജില്ലകളിലും, 5-ാം തീയതി എണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലും മഴയ്‌ക്ക് സാധ്യതയുണ്ട്.
6-ാം തീയതി കാസർകോഡ് ഒഴികെയുള്ള ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 7-ാം തീയതി സംസ്ഥാനത്തുടനീളം ശക്തകമായ മഴയ്‌ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട് ജില്ലയിൽ ഈ ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. കടലിലേക്കുള്ള യാത്രകൾ പൂർണമായി നിർത്തി വയ്‌ക്കണമെന്നും ബോട്ടുകളും വള്ളങ്ങളും സുരക്ഷിത അകലം പാലിച്ച് കെട്ടി നിർത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.