ഹനോയ്: വിയറ്റ്നാമിൽ ഭക്ഷ്യ വിഷബാധയേറ്റ് 487 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. വിയറ്റ്നാമിലെ തെക്കൻ പ്രവിശ്യയായ ഡോങ് നായിയിലെ ഭക്ഷണശാലയിൽ നിന്ന് റൊട്ടി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ബാംഗിലെ ലോംഗ് ഖാൻ പട്ടണത്തിലെ ട്രാൻ ക്വാങ് ദിയു സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന വിയറ്റ്നാമീസ് ബ്രെഡ് ഈറ്ററി എന്ന ഭക്ഷണശാലയിൽ നിന്ന് ഏപ്രിൽ 30 ന് 1,100 റൊട്ടി വിറ്റുപോയതായും അടുത്തദിവസം ഉപഭോക്താക്കളിൽ പലർക്കും ഛർദ്ദി, വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അന്വേഷണത്തിനായി ഭക്ഷണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
സംഭവത്തിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും 19 പേർ ആശുപത്രിവിട്ടതായും ബാക്കിയുള്ളവർ ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടെ സുഖം പ്രാപിച്ചുവരുന്നതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭക്ഷ്യ വിഷബാധയെത്തുടർന്ന് വിയറ്റ്നാമിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഭക്ഷ്യസുരക്ഷാ വിഭാഗം അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.