തിരുവനന്തപുരം: റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. കേരളത്തിൽ ഉഷ്ണതരംഗ സാധ്യത വർദ്ധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാണ് റേഷൻ കടകൾ പ്രവർത്തിക്കുക.
സംസ്ഥാനത്തൊട്ടാകെയുള്ള ജില്ലകളിൽ ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
അടുത്ത ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂരിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരും.















