കുടുംബത്തെ കരകയറ്റാൻ സ്വപ്നം ജോലി കൈയെത്തിപ്പിടിച്ച സന്തോഷത്തിലായിരുന്നു പള്ളിപ്പാട് നീണ്ടൂർ സ്വദേശി സൂര്യ. എന്നാൽ ആ സന്തോഷം തീരാ വേദനയിലവസാനിക്കാൻ നിമിഷങ്ങളുടെ ആവശ്യമേ ഉണ്ടായിരുന്നുള്ളു. ബി.എസ്.സി നഴ്സിംഗ് ബിരുദധാരിയായ സൂര്യ യുകെയിലേക്ക് പോകാൻ ഞായറാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. യാത്രയ്‌ക്കിടയിൽ ഛർദ്ദിച്ചെങ്കിലും ക്ലീനിക്കിലെ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. ദഹന പ്രശ്നമെന്ന് കരുതി നിസാരവത്കരിച്ചു. വിമാത്താവളത്തിൽ ചെക്ക് ഇൻ ചെയ്യാൻ കാത്തിരിക്കുമ്പോഴാണ് സൂര്യ കുഴഞ്ഞു വീണത്.
ആദ്യം എറണാകുളത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് പരുമലയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സൂര്യ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. മകൾ തിരികെ വരുമെന്നും സ്വപ്നങ്ങൾ സഫലമാക്കുമെന്നും കാത്തിരുന്ന മാതാപിതാക്കൾക്ക് അതൊരു ആഘാതമായിരുന്നു. മരണ കാരണം ചെന്നെത്തിയത് അരളി പൂവിലായിരുന്നു. മരിക്കുന്നതിന് മുൻപ് ഒരു പൂവും ഇലയും വായിലിട്ട് ചവച്ചരച്ചതായി ആര്യ ഡോക്ടർമാരെ അറിയിച്ചിരുന്നു.
യാത്രയുടെ വിവരങ്ങൾ ബന്ധുക്കളുമായി പങ്കുവയ്‌ക്കുന്നതിനിടെ മുറ്റത്തുണ്ടായിരുന്ന അരളി പൂവും ഇലയുമാണ് സൂര്യ വായിലിട്ട് ചവച്ചതെന്ന് വ്യക്തമായി. ആര്യയിത് തുപ്പികളഞ്ഞെങ്കിലും വിമാത്തവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയാവുകയായിരുന്നു. ആന്തരികാവയവ പരിശോധന ഫലങ്ങൾ വന്നില്ലെങ്കിലും പോസ്റ്റുമോർട്ടത്തിൽ മരണ കാരണം ഹൃദ്രോഗബാധയെന്ന് കണ്ടെത്തി. ഹൃദയാഘാതത്തിലേക്ക് നയിച്ചത് അരളിപ്പൂവിന്റെ വിഷമെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ഇതിന്റെ വിഷാംശം ആമശയത്തിലെത്തിയാൽ കണ്ടെത്താനാകില്ല. ഇലയും പൂവും ചവച്ചപ്പോൾ നീര് അകത്തുപോയിരിക്കാമെന്നാണ് നിഗമനം.















