ഗോവ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചെറിയ സംസ്ഥാനങ്ങൾക്ക് കോൺഗ്രസ് പ്രാധാന്യം നൽകുന്നില്ലെന്നും അവിടെയുള്ള ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ അറിയാൻ താത്പര്യപ്പെടുന്നില്ലെന്നും അമിത് ഷാ തുറന്നടിച്ചു. ഗോവയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഭാരത് ജോഡോ യാത്രയുമായി കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും കയറി ഇറങ്ങി. എന്നാൽ എന്തുകൊണ്ട് ഗോവ പോലുള്ള ചെറിയ സംസ്ഥാനങ്ങളെ അവർ തെരഞ്ഞെടുത്തില്ല? കാരണം കോൺഗ്രസ് ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയ്‌ക്ക് പ്രാധാന്യം നൽകുന്നില്ല. ചെറിയ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ അവർ കണക്കിലെടുക്കുന്നില്ല. കോൺഗ്രസ് ലക്ഷ്യം വയ്‌ക്കുന്നത് അവരുടെ വോട്ട്ബാങ്ക് മാത്രമാണ്.”- അമിത് ഷാ പറഞ്ഞു.
ഇത്രയും കാലം കോൺഗ്രസ് ഭാരത് ജോഡോ യാത്ര എന്ന പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയായിരുന്നു. ഇനി ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതോടെ രാഹുലിനും സംഘത്തിനും കോൺഗ്രസിനെ കണ്ടെത്തുന്നതിനായി ‘ഭാരത് ധൂൺണ്ടോ യാത്ര’ നടത്തേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ മുഴുവൻ ഉത്തരവാദിത്വം രാഹുലും കുടുംബവും ഏറ്റെടുക്കുമെന്നാണ് കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിചാരിക്കുന്നത്. എന്നാൽ ഇത് അദ്ദേഹത്തിന്റെ വെറും തെറ്റിദ്ധാരണ മാത്രമാണെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ഖാർഗെയുടെ തലയിൽ വച്ചുകെട്ടി രാഹുലും കുടുംബവും മുങ്ങുമെന്നും അമിത് ഷാ വ്യക്തമാക്കി.















