ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ എക്‌സ് പേജ് കൈകാര്യം ചെയ്യുന്ന പ്രവർത്തകൻ പിടിയിൽ. സ്പിരിറ്റ് ഓഫ് കോൺഗ്രസ് എക്‌സ് പേജ് കൈകാര്യം ചെയ്യുന്ന അരുൺ റെഡ്ഡിയാണ് അറസ്റ്റിലായത്. സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
അരുണിനെ ഉടൻ മോചിപ്പിക്കാൻ കോൺഗ്രസ് ആവശ്യപ്പെടുന്നുവെന്നും ഭരണകൂടത്തിന്റെ അധികാര ദുർവിനിയോഗമാണ് ഇവിടെ നടക്കുന്നതെന്നുമാണ് ടാഗോറിന്റെ വാദം. സംഭവത്തിൽ ശക്തമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ ആളുകൾ വീഡിയോ നിർമ്മിച്ചതിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഐടി സംഘത്തിലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസ് നേതാക്കളായ അസ്മ, ഗീത എന്നിവരും സമൂഹ മാധ്യമ സംഘാംഗങ്ങളിൽ പെട്ട നവീൻ, ശിവ, മന്ന എന്നിവരുമാണ് അറസ്റ്റിലായത്. ഹൈദരാബാദിൽ നിന്നാണ് ഇവരെ പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ഇവരെ ഡൽഹിയിലെത്തിക്കുമെന്നും പൊലീസ് പറഞ്ഞു.
അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നോട്ടീസ് നൽകിയിരുന്നു. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എസ്.സി എസ് ടി, ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്നതായി കാണിക്കുന്ന വ്യാജ വിഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.















