കൊല്ലം: കണ്ണനല്ലൂരിൽ മൂന്നുപേർ വെള്ളത്തിൽ മുങ്ങി മരിച്ചു. വീടിനടുത്ത് ചളിയെടുത്ത നിലത്തിൽ കുളിക്കാനിറങ്ങിയ ദമ്പതികളും ബന്ധുവായ യുവതിയുമാണ് മക്കളുടെ കൺമുന്നിൽ മുങ്ങിമരിച്ചത്. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികൾ മുങ്ങിമരിച്ചത്. ഇത്തിക്കരയാറിന്റെ ഭാഗമായുള്ള പ്രദേശത്തെ ചെളിയെടുത്ത കുഴികളിൽ കുളിക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്
നെടുമ്പന പഞ്ചായത്തിൽപെട്ട മുട്ടക്കാവ് പാകിസ്താൻ മുക്ക് മുളവറക്കുന്ന് കാഞ്ഞിരവയലിൽ i ഇന്നലെ വൈകീട്ട് 6.30നാണ് സംഭവം.
തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ , ഭാര്യ സുമയ്യ , ഇവരുടെ ബന്ധു സജീന എന്നിവരാണ് മരിച്ചത്. കായംകുളം താമരക്കുളം സ്വദേശിയും കൊല്ലം പള്ളിത്തോട്ടം ഡിപ്പോപുരയിടത്തിൽ അർഷാദിന്റെ ഭാര്യയുമാണ് മരിച്ച ഷജീന.കായംകുളത്തു നിന്ന് ഒരാഴ്ച മുൻപാണ് സബീറും കുടുംബവും വാടകയ്‌ക്ക് താമസിക്കാൻ മുട്ടയ്‌ക്കാവിലെത്തിയത്. ഇവർ വെള്ളിയാഴ്ച വൈകീട്ട് മുളയറക്കുന്നിലെ വണ്ടിച്ചാലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. നാട്ടുകാരാണ് സബീറിനെയും സുമയ്യയെയും കുളത്തിൽനിന്ന് പുറത്തെടുത്തത്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.
തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് സജീനയുടെ മൃതദേഹം കണ്ടെത്തിയത്. കബീറിനും സുമയ്യയ്‌ക്കും ആറും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.അൽഅമീൻ, അൽസീന എന്നിവരാണ് സജീനയുടെ മക്കൾ.കണ്ണനല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.















