ന്യൂഡൽഹി: ഡൽഹി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ മോക്ക് ഡ്രിൽ നടത്തി സുരക്ഷാ സേന. അടുത്തിടെ ഡൽഹി- എൻസിആർ മേഖലയിലെ 250 ൽ അധികം സ്‌കൂളുകൾക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളെ തുടർന്നാണ് സുരക്ഷ വർദ്ധിപ്പിക്കാനുള്ള പുതിയ നടപടികൾ.
പ്രധാനപ്പെട്ട സ്കൂളുകൾ, വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, സർക്കാർ ഓഫീസുകൾ, എന്നിവയുൾപ്പെടയുള്ള സ്ഥലങ്ങളിലാണ് ശനിയാഴ്ച മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ഡൽഹി പൊലീസും നാഷണൽ സെക്യൂരിറ്റി ഗാർഡും സംയുക്തമായാണ് ഡ്രിൽ നടത്തിയത്. അടിയന്തരഘട്ടങ്ങളിൽ സുരക്ഷ സേനയുടെ സന്നദ്ധതയും പ്രതികരണ ശേഷിയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അഭ്യാസത്തിനായി എൻഎസ്‌ജി വാഹനങ്ങളും ബസുകളും കൂടാതെ ഡൽഹി പൊലീസിലേയും സുരക്ഷാ സേനയിലെയും വനിതാ -പുരുഷ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഡൽഹിയിലെ പാർലമെന്റ് മന്ദിരം, ഹൈദരാബാദ് ഹൗസ്, ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലും മോക്ക് ഡ്രിൽ നടന്നു. നേരത്തെ, മെയ് 2 ന് ഡൽഹിയിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് പോലീസിന് 250 ൽ അധികം ഫോൺ കോളുകളാണ് വന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും വാട്ട്സ് ആപ്പിലൂടെ പ്രചരിച്ചിരുന്നു.















