ന്യൂഡൽഹി: അമേരിക്കയുടെ വിദ്വേഷ പരാമർശത്തിന് ചുട്ട മറുപടി നൽകി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. കുടിയേറ്റക്കാരെ ഇന്ത്യ സ്വീകരിക്കുന്നില്ലെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശത്തെ അദ്ദേഹം തള്ളി.
വിവിധ വിഭാഗത്തിൽ നിന്നുള്ളവരെ ഇന്ത്യ എന്നും സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യം പൗരത്വ ഭേദഗതി നിയമം യാഥാർത്ഥ്യമാക്കി. നിരവധി പേർക്ക് ഇതിന്റെ ഗുണങ്ങൾ ലഭിക്കുമെന്നും ഇന്ത്യയുടെ വാതിൽ എല്ലായ്പ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ജയ്ശങ്കർ പറഞ്ഞു.
യുഎസ് സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമ്പോൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അസ്ഥിരമായി മുന്നോട്ടു പോകുകയാണെന്നും വൈകാതെ തകരുമെന്നും ബൈഡന്റെ അവകാശവാദങ്ങളും ജയശങ്കർ നിരസിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകരുന്നില്ലെന്നും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഭാരതത്തിന്റേത്. കഴിഞ്ഞ വർഷം അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയ ഇന്ത്യ, ഈ ദശാബ്ദത്തിന് മുൻപ് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യ, ചൈന, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങൾക്ക് വിദേശ വിദ്വേഷമാണെന്നായിരുന്നു ബൈഡന്റെ പരാമർശം. അമേരിക്കയുടെേ ശക്തി കുടിയേറ്റക്കാരാണെന്നും ഇക്കരാണത്താലാണ് തങ്ങളുടെ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നതെന്നുമായിരുന്നു ബൈഡൻ പറഞ്ഞത്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ കുടിയേറ്റക്കാരെ സ്വീകരിക്കുന്നില്ലെന്നും അതാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. ഇതിന് പിന്നാലെയാണ് മറുപടിയുമായി ജയ്ശങ്കർ രംഗത്തെത്തിയത്.















